Tuesday, February 7, 2012

തേനൂറുന്ന നേട്ടം(sunday mangalam)


തേനൂറുന്ന നേട്ടം
Text Size:   
ഇതു തേനീച്ച സര്‍വകലാശാല. ഇവിടെ ഒരുപറ്റം കുരുന്നുശാസ്‌ത്രജ്‌ഞര്‍ ഊറ്റിയെടുക്കുന്നത്‌ തേനീന്റെ മധുരമുള്ള വിജയഗാഥ.

മണ്ണിനോടും മലയോടും പടവെട്ടി മണ്ണില്‍ കനകം വിളയിച്ച മലയോര കര്‍ഷകന്റെ നാടായ പാലായക്ക്‌ സമീപമുളള ഒരു ചെറുഗ്രാമമായ പ്ലാശനാലിലെ സെന്റ്‌ ആന്റണീസ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ്‌ ഇപ്പോള്‍ ലോകപ്രശസ്‌ത 'തേനീച്ച സര്‍വകലാശാല'യായി മാറിയിരിക്കുന്നത്‌.

തിരുവനന്തപുരത്ത്‌ അടുത്തിടെ സമാപിച്ച കേരള ബാലകൃഷി ശാസ്‌ത്ര കോണ്‍ഗ്രസിലൂടെയാണ്‌ പ്ലാശനാല്‍ സ്‌കൂളിന്റെ ഖ്യാതി ടോണി തോമസിന്റെ നേതൃത്വത്തിലുളള നാല്‍വര്‍ വിദ്യാര്‍ത്ഥിസംഘം ലോകത്തെ അറിയിച്ചത്‌.

കഴിഞ്ഞ വര്‍ഷത്തെ കേരളത്തിലെ ഏറ്റവും മികച്ച ബാലകൃഷി ശാസ്‌ത്രജ്‌ഞനായി തെരഞ്ഞെടുക്കപ്പെട്ടത്‌ പ്ലാശനാല്‍ സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ത്ഥി ടോണി തോമസാണ്‌. എന്നാല്‍ തനിക്കു ലഭിച്ച പദവി സതീര്‍ത്ഥ്യരായ സെബിന്‍ തോമസിനും ജോസഫ്‌ സെബാസ്‌റ്റ്യനും മാര്‍ട്ടിന്‍ മാത്യുവിനും പകുത്തുനല്‍കി ടോണി ഒരുമയുടെ കൃഷിയിടത്തിലും നൂറുമേനി കൊയ്‌ത ബാലകൃഷി ശാസ്‌ത്രജ്‌ഞനായി.

സ്‌കൂളിലെ ഇക്കണോമിക്‌സ് വിഭാഗം അധ്യാപകനും തേനീച്ച കര്‍ഷകനുമായ സുധീഷ്‌ ജി. പ്ലാത്തോട്ടത്തിന്റെ മേല്‍നോട്ടത്തില്‍ ഈ നാല്‍വര്‍സംഘം തയാറാക്കി അവതരിപ്പിച്ച കേരളത്തിലെ ചെറുതേനീച്ചകളെക്കുറിച്ചുളള സമഗ്ര പഠന റിപ്പോര്‍ട്ട്‌ കേരള ബാലകൃഷി ശാസ്‌ത്രകോണ്‍ഗ്രസിലെ ഏറ്റവും ശ്രദ്ധേയമായ പ്രബന്ധങ്ങളിലൊന്നായി മാറി.

മീനച്ചില്‍ താലൂക്കിലെ തേനീച്ചക്കര്‍ഷകര്‍ക്കിടയില്‍ ഇവര്‍ നടത്തിയ പഠനം ചെറുതേനീച്ചകളെക്കുറിച്ചുളള സമഗ്രപഠനമായതായി വിലയിരുത്തപ്പെട്ടു. ശാസ്‌ത്രീയ തെളിവുകള്‍ നിരത്തി ഇവര്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ വരുംനാളുകളില്‍ തേനീച്ചവളര്‍ത്തലില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ വഴിതെളിക്കും. പരമ്പരാഗത ചട്ടക്കൂടുകളില്‍ നിന്നുമാത്രം പരീക്ഷണം നടത്തുന്ന കാര്‍ഷികസര്‍വകലാശാലകള്‍ക്കു പോലും ഇനി തേനീച്ചവളര്‍ത്തലിലെ നൂതന നിര്‍ദ്ദേശങ്ങള്‍ക്ക്‌ ഈ കുരുന്നുസംഘത്തെ ആശ്രയിക്കേണ്ടിവരുമെന്ന്‌ ശാസ്‌ത്രകോണ്‍ഗ്രസിലൂടെ ഇവര്‍ തെളിയിച്ചു.

ആയുര്‍വേദം ദിവ്യൗഷധമെന്ന്‌ വിശേഷിപ്പിക്കുന്ന ചെറുതേനിന്റെ ശേഖരണവും സംസ്‌കരണവും ഇന്നും അപരിഷ്‌കൃതമായാണ്‌ നടക്കുന്നത്‌. നിരവധി ആയുര്‍വേദ മരുന്നുകള്‍ക്ക്‌ ഒഴിവാക്കാനാകാത്ത ചേരുവയായ ചെറുതേന്‍ നിലവിലെ രീതിയില്‍ ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്‌താല്‍ മാലിന്യങ്ങള്‍ കലരാനുളള സാധ്യതയേറെയാണ്‌. ഭാഗ്യമുണ്ടെങ്കില്‍ മാത്രം ശുദ്ധമായ ചെറുതേന്‍ ലഭിക്കുമെന്നതാണ്‌ ഇപ്പോഴത്തെ അവസ്‌ഥ.

വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കുന്നുണ്ടെങ്കിലും ചെറുതേനിന്റെ വിപണനസംവിധാനം ഇപ്പോഴും ശൈശവാവസ്‌ഥയിലാണെന്ന തിരിച്ചറിവാണ്‌ സുധീഷിലൂടെ ടോണിയെയും സംഘത്തെയും തേനീച്ചകൃഷിയിലേക്ക്‌ ആകര്‍ഷിച്ചത്‌.

പ്ലാശനാല്‍ ഇളന്തോട്ടം ജോര്‍ജ്‌, ഭരണങ്ങാനം പിണക്കാട്ട്‌ റോയി എന്നീ തേനീച്ചക്കര്‍ഷകരെ പഠനസഹായികളായി വിദ്യാര്‍ത്ഥിസംഘം ഒപ്പംകൂട്ടിയത്‌ ഇവര്‍ക്ക്‌ വഴിത്തിരിവായി. പരമ്പരാഗത മാര്‍ഗങ്ങളായ ഇല്ലിമുട്ട്‌, കലം, ചിരട്ടക്കുടുക്ക, തടിക്കൂടുകള്‍ എന്നിവ ഉപേക്ഷിച്ചാണ്‌ ടോണിയും സെബിനും ജോസഫും മാര്‍ട്ടിനും പുതിയ തേനീച്ചക്കൂട്‌ വികസിപ്പിച്ചെടുത്തത്‌.

1000 ക്യൂബിക്‌ സെന്റിമീറ്ററില്‍ (10-10-10 സെ.മീ.) വീതം ഉള്‍വ്യാസമുളള മൂന്നുചതുര ബോക്‌സുകളാണ്‌ ഇവര്‍ തേനീച്ചവളര്‍ത്തലിനായി ഉപയോഗിക്കുന്നത്‌.

നവംബറില്‍ കോളനി വിഭജിക്കുമ്പോള്‍ മുന്‍വശത്ത്‌ ദ്വാരമിട്ട ഒരു ബോക്‌സ് മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. ബോക്‌സിനകത്തെ വ്യാസം കുറവായതിനാല്‍ താപനിയന്ത്രണം ഈച്ചകള്‍ക്കു സഹായകമാകും. ഇത്‌ വേഗത്തില്‍ കോളനിയെ ശക്‌തിപ്പെടുത്തും. ഫെബ്രുവരി മാസത്തില്‍ മുകള്‍ത്തട്ട്‌ നീക്കി രണ്ടാമത്തെ ബോക്‌സ് വച്ച്‌ കൂടിന്റെ വലുപ്പം കൂട്ടും. ജൂണില്‍ രണ്ടുബോക്‌സുകള്‍ക്കും ഇടയില്‍ ദ്വാരമുളള ഇടത്തട്ട്‌ ഇട്ടുനല്‍കും. ഒക്‌ടോബറില്‍ ഒന്നുംരണ്ടും ബോക്‌സുകള്‍ക്കിടയില്‍ മൂന്നാമത്തെ ബോക്‌സ് നല്‍കും. അപ്പോള്‍ അടിത്തട്ടിലെ മുട്ടഅറയില്‍ (ബ്രൂഡ്‌ ചേംബര്‍) നിന്നും കാലിയായ അറയില്‍കൂടി കടന്ന്‌ തേന്‍നിറഞ്ഞ മുകള്‍ അറയില്‍ ഈച്ചകള്‍ എത്തും.

നവംബറില്‍ കോളനി പിരിക്കുന്നത്‌ തേനിന്റെ അളവു കുറയ്‌ക്കുമെങ്കിലും അതുവഴി കോളനികളുടെ എണ്ണം അനായാസം കൂട്ടാമെന്ന്‌ സംസ്‌ഥാനത്തെ മികച്ച ബാലകൃഷിശാസ്‌ത്രജ്‌ഞനായ ടോണി തോമസ്‌ പറയുന്നു. മാര്‍ച്ചില്‍ ഏറ്റവും മുകളിലുളള ബോക്‌സ് എടുത്ത്‌ തേനെടുക്കുകയോ, ബോക്‌സ് മുഴുവനായി പായ്‌ക്ക്ചെയ്‌ത് വില്‍ക്കുകയോ ചെയ്യാം. തേനീച്ചകള്‍ നിര്‍മിച്ച തേനറകളോടെ നല്‍കുന്നതിനാല്‍ ഏറ്റവും വിശ്വാസയോഗ്യവും മുന്തിയ വിലയും ഇത്തരം ഹണി ക്യൂബുകള്‍ക്ക്‌ ലഭിക്കും. പ്ലാവ്‌, മരുത്‌ എന്നിവയാണ്‌ കൂടുനിര്‍മാണത്തിന്‌ ഉപയോഗിക്കുന്നത്‌. ഇതിനും കുട്ടിശാസ്‌ത്രജ്‌ഞര്‍ക്ക്‌ കാരണങ്ങള്‍ നിരത്താനുണ്ട്‌. പ്രകൃതിദത്ത കോളനികള്‍ ഏറ്റവും അധികമായി കാണുന്നത്‌ ഇത്തരം മരങ്ങളിലാണ്‌.

തേനെടുക്കാനും കുട്ടിശാസ്‌ത്രജ്‌ഞര്‍ക്ക്‌ നൂതന രീതികളുണ്ട്‌. തേന്‍ നിറഞ്ഞ ബോക്‌സിന്റെ അടിത്തട്ട്‌ അല്‍പ്പം അകത്തിവച്ച്‌ മുകള്‍ത്തട്ട്‌ നീക്കി 60 വാട്ട്‌സിന്റെ ബള്‍ബിട്ട്‌ ടേബിള്‍ലാമ്പില്‍ നിന്നോ, സൂര്യതാപമോ ഏല്‍പ്പിച്ചാണ്‌ ഇവരുടെ തേന്‍ ശേഖരണം. താപം മൂലം ഉരുകുന്ന തേനറകളില്‍നിന്നും ശുദ്ധമായ തേന്‍ പുറത്തെത്തും. തേനെടുത്ത ശേഷം മെഴുകുളള ബോക്‌സ് ഒന്നും രണ്ടും ബോക്‌സുകള്‍ക്ക്‌ ഇടയില്‍വച്ചുനല്‍കണം. തേനറകള്‍ പുനര്‍നിര്‍മിക്കാനുളള മെഴുക്‌ തിരികെ ലഭിക്കുന്നതിനാല്‍ ഇത്തരം കൂടുകളില്‍ തേന്‍ ഉല്‍പാദനം കൂടുതലാണെന്നും വിദ്യാര്‍ത്ഥിസംഘം ശാസ്‌ത്രകോണ്‍ഗ്രസില്‍ തെളിയിച്ചു.

വയനാട്ടിലെ എം.എസ്‌. സ്വാമിനാഥന്‍ റിസേര്‍ച്ച്‌ ഫൗണ്ടേഷന്റെ സഹായത്തോടെ തേനീച്ചവളര്‍ത്തലിലെ നൂതനമാര്‍ഗങ്ങളില്‍ പരിശീലനം തുടരാനുളള ശ്രമത്തിലാണ്‌ നാല്‍വര്‍ സംഘം. മണ്ണുത്തി കാര്‍ഷികസര്‍വകലാശാലയിലെ ഡോ. പി.വി. ബാലചന്ദ്രന്റെ നിര്‍ദ്ദേശവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിബി ജോസഫിന്റെ സഹായവും മുതല്‍കൂട്ടായിരുന്നുവെന്നും കുട്ടിശാസ്‌ത്രജ്‌ഞന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.